വാഷിങ്ടണ്‍: അമേരിക്കയെ അടുത്ത നാലു വര്‍ഷം ആരു നയിക്കുമെന്ന് തീരുമാനിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് ആരംഭിച്ചു.
ബറാക് ഒബാമക്കു ശേഷം പ്രസിഡന്‍റ് പദവിയിലേക്ക് ആരെന്ന് ബുധനാഴ്ച രാവിലെ അറിയാനാകും. ലോക രാഷ്ട്രങ്ങളുടെ നായകസ്ഥാനത്ത് നില്‍കുന്ന യു.എസിലെ തെരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെയാണ് ജനങ്ങളും ഭരണകൂടങ്ങളും ഉറ്റുനോക്കുന്നത്. പ്രധാനമായും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും മാറ്റുരക്കുന്ന തെരഞ്ഞെടുപ്പില്‍ ഫലം പ്രവചനാതീതമാണെന്നാണ് വിലയിരുത്തല്‍.
ഹിലരി തെരഞ്ഞെടുക്കപ്പെട്ടാല്‍ 240 വര്‍ഷത്തെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റാവും അവര്‍. വൈസ് പ്രസിഡന്‍റിനെയും സെനറ്റിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ളവരുടെയും തെരഞ്ഞെടുപ്പും ഇതോടൊപ്പമുണ്ട്. മൈക് പെന്‍സ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയും ടിം കെയ്ന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥികളാണ്.
ചൊവ്വാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ടവരികള്‍ കാണുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ 45ാമത് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിന് 20കോടിയിലധികം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ നാലു കോടിയിലധികം പേര്‍ നേരത്തേതന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പേ വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഉപയോഗപ്പെടുത്തിയാണിത്. ഇത്തരത്തില്‍ നേരത്തേതന്നെ പ്രസിഡന്‍റ് ഒബാമ വോട്ട് രേപ്പെടുത്തിയിരുന്നു.
സ്ഥാനാര്‍ഥികളായ ഹിലരിയും ട്രംപും കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തി. ഫലം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് പറഞ്ഞ ഇരു സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയില്‍തന്നെയാണ്. ചൊവ്വാഴ്ചത്തെ വോട്ടെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ജനുവരിയിലാണ് പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ജനുവരി 20ന് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞയും നടക്കും.
ചരിത്രത്തിലെ ഏറ്റവും മോശം പ്രചാരണതന്ത്രങ്ങള്‍ ഉപയോഗിച്ച യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പെന്ന ദുഷ്പേരുമായാണ് പ്രചാരണം അവസാനിച്ചത്. മിക്ക ഘട്ടങ്ങളിലും ഹിലരിയായിരുന്നു മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.